10.14.2013

Vyshakh muralidharan review

കടൽ കടന്ന് ഒരു മാത്തുക്കുട്ടി- ഒരു സിനിമ കൊലപാതകത്തിന്റെ കഥ 

ഒറ്റ വാക്കിൽ പറഞ്ഞാൽ രഞ്ജിത്ത് ഏട്ടൻ നിരാശപ്പെടുത്തി.
കടൽ കടന്നെത്തിയ ശുദ്ധമനസ്ക്കനായ നസ്രാണി, പ്രാഞ്ചിയേട്ടന്റെ അനിയൻ മാത്തുക്കുട്ടി-പണം പിടുങ്ങുന്ന മാരാർമാർ-ഓർക്കാപുറത്തെ ട്വിസ്റ്റ്‌----- -- --_ -അവശകലാകാരന്റെ ദൈന്യത-കപട സദാചാരവാദികൾ(സഹതാപം വിറ്റ് കാശാക്കൽ തന്നെ അജണ്ട ) ഇതെല്ലാം ക്രോഡീക രിച് വിപുലീകരിച്ചാൽ കടൽ കടന്നെത്തിയ മാത്തുക്കുട്ടിയുടെ കഥ നിങ്ങൾക്ക് കിട്ടും .. നിങ്ങളുടെയുള്ളിൽ ഉറങ്ങികിടക്കുന്ന ബുദ്ധി ജീവി ചിന്തയോ , താത്വിക അവലോകനങ്ങ ളോ ഒന്നും തന്നെ പുറത്തെടുക്കേണ്ടി വരില്ല ഈ സിനിമയെ വിശകലനം ചെയ്യാൻ ..

കഥയെ ആകെത്തുക നിയന്ത്രിക്കുന്ന ചാനലും അതിന്റെ റിപ്പോർട്ടറും , ദുരൂഹത നിറഞ്ഞ പുതിയ പാത്രസ്രിഷ്ട്ടിയുടെ പ്രതീകമാണ് (നല്ലതോ ചീത്തയോ എന്നത് വേറെ വശം )

നാട്ടിലെ ഓരോ ഇലയനക്കങ്ങളിലെ നേരും നെറിയും , വേണ്ടി വന്നാൽ അല്പം എരിപുളികളും ചേർത്ത് സംഗതി കൊഴുപ്പിക്കുന്ന ചാനൽ റിപ്പോർട്ടർ വല്ലാത്തൊരു അനുഭവായിരുന്നു ... ( 'മുഷിയില്ല ,.. ഒട്ടും മുഷിയില്ല')

'ചത്തത് കീച്ചകനെന്നാൽ കൊന്നത് ഭീമൻ തന്നെ' ഇതൊക്കെ പഴമൊഴി, ഇന്നിപ്പോ അത് 'തകർന്നത് ചാനലെങ്കിൽ കഴുക്കോലെളക്കിയത് നല്ല ഉശിരുള്ള പെണ്ണുങ്ങൾ തന്നെ ' എന്നൊക്കെയായി മാറുമെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രത്തിലെ ചാന്നാർ ലഹളയും, ഏറ്റവും പുതുതായി ഞാൻ മനസ്സിലാക്കിയ 'കിടപ്പറ സമര'വും പിന്തള്ളപ്പെടും ഈ സ്ത്രീ ജനമുന്നേറ്റത്തിനു മുൻപിൽ .

ഏറെ വെറുത്തുപോയത് കുറെ അതിഥി താരങ്ങളെ കഥയിലുൾപ്പെടുത്താൻ തുനിഞ്ഞ എഴുത്തുക്കാരന്റെ ബുദ്ധിയെയാണ്.. ലാലേട്ടനും ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ തീയേറ്ററിലെ കൈയ്യടിക്ക് വേണ്ടി ഇങ്ങനെയൊക്കെ വരേണ്ട ഗതിയായോ ഭഗവാനെ എന്നാലോചിച്ചു പോയി ഒരു നിമിഷം.

ഒന്നു മുള്ളിയ കഥയും, ലൈനടിച്ച പെണ്ണ് ഇട്ടേച്ച് പോയപ്പോ ഉണ്ടായ 'വെള്ളമടി' കഥയൊക്കെ ഇവിടത്തെ പുതുമുഖങ്ങൾ സിനിമയാക്കുമ്പോൾ അത് പ്രൊമോട്ട് ചെയ്യേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്‌....... . എന്നാലിത് വല്ലാത്ത പ്രമോഷനായി പോയി ..(സ്ക്രീനിൽ പ്രത്യക്ഷപ്പെടാത്ത മറ്റു പ്രമുഖ താരങ്ങൾക്ക് സ്തോത്രം )

തുടങ്ങിയേടത്തു നിന്ന് എവിടേയും എത്താതെ സിനിമ അവസാനിച്ചിറങ്ങുമ്പോൾ ഒരു കാര്യം മനസ്സിലുറപ്പിച്ചു , പിന്നിൽ നിന്ന് എണ്ണുമ്പോ രഞ്ജിത്ത് സിനിമകളിൽ 'റോക്ക് ആൻഡ് റോളിനു' മുൻപിൽ ഇനിമുതൽ കടൽ കടന്നെത്തിയ ഈ മാത്തുക്കുട്ടിയായിരിക്കും ഒന്നാം സ്ഥാനക്കാരനെന്നു ...

വാൽക്കഷ്ണം: ഇതൊരു സിനിമ നിരൂപണമല്ല ; അതിലുപരി ഒരു വലിയ രഞ്ജിത്ത് ആരാധകന്റെ കടുത്ത ദുഖാചരണമാണ്......

No comments:

Followers

Blog Archive